Latest News
Latest News
എടത്വാ: കനത്ത മഴയിൽ കിഴക്കൻ വെള്ളത്തിന്റെ വരവും വർദ്ധിച്ചതോടെ അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. പമ്പ, മണിമലയാറുകൾ കര കവിഞ്ഞതോടെ നിരവധി വീടുകളിൽ വെള്ളംകയറി. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ അഞ്ച് പഞ്ചായത്തുകളിൽ വെള്ളക്കെട്ട് രൂക്ഷം. മൂന്ന് ദിവസത്തിനുള്ളിൽ പ്രധാന നദികളിലെ ജലനിരപ്പ് മൂന്നടിയോളം ഉയർന്നിട്ടുണ്ട്. പമ്പ, മണിമലയാറുകൾ കരകവിഞ്ഞതോടെ നദീതീര പ്രദേശത്തേയും താഴ്ന്ന പ്രദേശങ്ങളിലേയും വീടുകൾ വെള്ളത്തിൽ മുങ്ങി.
മുട്ടാർ പഞ്ചായത്തിൽ നിരവധി വീടുകളാണ് വെള്ളത്തിലായത്. തലവടി പഞ്ചായത്തിലെ കുതിരച്ചാൽ പുതുവൽ പ്രദേശത്തെ 16 ഓളം വീടുകളിൽ വെള്ളം കയറി. രണ്ടര ആഴ്ചക്കുളിൽ രണ്ടാം തവണയാണ് കുതിരച്ചാൽ പുതുവൽ പ്രദേശത്തെ വീടുകൾ വെള്ളത്തിൽ മുങ്ങുന്നത്. വീടുകളിൽ വെള്ളം കയറിയിട്ടും ക്യാമ്പുകളുടെ പ്രവർത്തനം ആരംഭിച്ചില്ല. രണ്ടാഴ്ച മുൻപുണ്ടായ വെള്ളപ്പൊക്കത്തിൽ കുന്നുമ്മാടി -കുതിരച്ചാൽ പ്രദേശത്തെ താമസക്കാർ ശ്രീചക്കുളത്തുകാവ് ഓഡിറ്റോറിയത്തിലെ ക്യാമ്പിലേയ്ക്ക് മാറ്റിയിരുന്നു.
നിരണം പടിഞ്ഞാറേ ഭാഗം, മുട്ടാർ, തലവടി, എടത്വാ, വീയപുരം പഞ്ചായത്തിലാണ് വെള്ളക്കെട്ട് രൂക്ഷമായിരിക്കുന്നത്. തകഴി പഞ്ചായത്തിലും ഇന്നലെ വൈകിട്ട് മുതൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയിരുന്നു. കുട്ടനാട്ടിലെ പ്രധാന പാതകൾ ഉൾപ്പെടെ ഇട റോഡുകളും വെള്ളത്തിൽ മുങ്ങുകയാണ്. തായങ്കരി - കൊടുപ്പുന്ന റോഡിൽ വേഴപ്ര കുരിശ്ശടിക്ക് സമീപത്തും പടപ്പിൽ മുട്ട് ഭാഗത്തും, നീരേറ്റുപുറം - കിടങ്ങാ റോഡിൽ മുട്ടാർ ജംങ്ഷന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്.
തായങ്കരി - കൊടുപ്പുന്ന റോഡു വഴിയുള്ള ബസ് സർവ്വീസ് കെ.എസ്.ആർ.ടി.സി നിർത്തിവെച്ചിരിക്കുകയാണ്. എടത്വാ- ആലംതുരുത്തി റോഡിൽ ആനപ്രമ്പാൽ പുതുപ്പറമ്പ് ക്ഷേത്രത്തിന് സമീപത്തും വെള്ളം കയറിയിട്ടുണ്ട്. തലവടി കോടമ്പനാടി ഭാഗം ഏറെക്കുറെ മുങ്ങിയ അവസ്ഥയാണ്. നദീതിരങ്ങളിലും പാടശേഖര നടുവിലും താമസിക്കുന്നവർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. കിഴക്കൻ വെള്ളത്തിന്റെ വരവ് നിലയ്ക്കാത്തതും ഇടവിട്ട് ചെയ്യുന്ന കനത്ത മഴയും ആശങ്ക കൂട്ടുകയാണ്.
Your experience on this site will be improved by allowing cookies.