Latest News
Latest News
ചെറുതുരുത്തി: കൊച്ചിൻ പാലത്തിനു സമീപം ബസ് സ്റ്റോപ്പിൽ തിങ്കളാഴ്ച രാവിലെ തമിഴ്നാട് സ്വദേശിയായ മധ്യവയസ്കയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ചെറുതുരുത്തി ഭാഗത്ത് ഭിക്ഷാടനവും ആക്രിസാധന ശേഖരണവും നടത്തിയിരുന്ന സെൽവിയാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സുഹൃത്ത് സേലം വിഴുപ്രം കള്ളക്കുറിച്ചി പൂക്കരയർ പാളയം വീട്ടിൽ തമിഴ് അരശനെ (60) പോലീസ് അറസ്റ്റ് ചെയ്തു.
പൂട്ടിക്കിടന്നിരുന്ന വർക് ഷോപ്പിന് മുന്നിലിരുന്ന് ഞായറാഴ്ച രാത്രി മദ്യപിച്ചതിനെതുടർന്ന് ഇരുവരും വഴക്ക് കൂടി. തുടർന്ന് തളർന്നുകിടന്ന സെൽവിയുടെ സ്വകാര്യഭാഗത്തിലൂടെ മരക്കൊമ്പ് കയറ്റിയതിനെ തുടർന്നാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. സെൽവിയുടെ രക്തംപുരണ്ട വസ്ത്രം മാറ്റി പുതിയ മാക്സി ധരിപ്പിച്ച് പ്രതി മൃതദേഹം സമീപത്തെ ബസ് സ്റ്റോപ്പിൽ കൊണ്ടുവന്ന് കിടത്തുകയായിരുന്നെന്ന് പൊലീസ്. തെളിവെടുപ്പിൽ ചോരപ്പാടുള്ള വസ്ത്രവും മരക്കൊമ്പ് കഷണവും പ്രതി കാണിച്ചുകൊടുത്തു. ഇവർ രണ്ടു പേരും വർഷങ്ങളായി ചെറുതുരുത്തി ഭാഗത്ത് ഭിക്ഷ യാചിച്ചും ആക്രിസാധനങ്ങൾ പെറുക്കിവിറ്റും ജീവിക്കുന്നവരാണ്.
തൃശൂർ സിറ്റി പൊലീസ് കമീഷണർ ഇളങ്കോ, വടക്കാഞ്ചേരി സി.ഐ റിജിൻ എം. തോമസ്, എസ്.ഐമാരായ നിഖിൽ, വിനു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി തെളിവെടുത്തത്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധൻ യു. രാമദാസ്, ഫോറൻസിക് വിഭാഗത്തിലെ ഡോ. ലക്ഷ്മി കെ. രാധാകൃഷ്ണൻ എന്നിവരും പരിശോധന നടത്തി.
Your experience on this site will be improved by allowing cookies.