Latest News
Latest News
തിരുവനന്തപുരം: ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. 10 ജില്ലകളില്‍ വ്യാഴാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇവിടെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ 20 സെന്റീമീറ്റര്‍ വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വ്യാഴാഴ്ച എല്ലോ അലര്‍ട്ടുണ്ട്.
വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂര്‍, കാസർകോട് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കുറഞ്ഞസമയംകൊണ്ട് വലിയ അളവിൽ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങള്‍ക്കും സാധ്യതയുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടേക്കാം. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങള്‍ അതിജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രളയസാധ്യതാ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതിജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ പോകരുത്. ഞായറാഴ്ചവരെ കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Your experience on this site will be improved by allowing cookies.