Latest News
Latest News
കോഴിക്കോട്: പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ സ്ത്രീധനത്തിന്റെ പേരിൽ പീഡനത്തിനിരയായ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയുടെ ഭർത്താവ് രാഹുൽ, രാഹുലിന്റെ അമ്മ, സഹോദരി, രാഹുലിന്റെ സുഹൃത്ത് രാജേഷ്, സിവില്‍ പോലീസ് ഓഫിസര്‍ ശരത് ലാല്‍ എന്നീ അഞ്ച് പേരുകൾ പ്രതിപട്ടികയിൽ ഉൾപ്പെടുത്തി. രാഹുലിനെതിരെ വധശ്രമം ഉൾപ്പെടെയുഉള്ള വകുപ്പുകളാണ് ചുമത്തിയത്. അമ്മയും, സഹോദരിയും സ്ത്രീധന ഗാർഹിക പീഡന വകുപ്പ് പ്രകാരം പ്രതികളാണ്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചതിനാണ് പൊലീസുകാരനെയും സുഹൃത്തിനെയും പ്രതി ചേർത്തത്. കേസില്‍ എഫ്.ഐ.ആര് രജിസ്റ്റർ ചെയ്ത് അറുപതാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
ഒന്നാം പ്രതിയായ രാഹുൽ ഇപ്പോഴും ഒളിവിലാണ്. ഇയാൾ കേസെടുത്തതിന് പിന്നാലെ ജർമനിയിലേക്ക് കടന്നെന്നാണ് പൊലീസ് നൽകിയിരിക്കുന്ന വിവരം. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും ഇയാളെ കണ്ടെത്താനായിട്ടില്ല.
അതേസമയം, കേസുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങളാണ് പിന്നീട് അരങ്ങേറിയിരുന്നത്. ദിവസങ്ങള്‍ക്ക് മുൻപ് രാഹുലിനെതിരായ പരാതി പിന്‍വലിച്ച് വധു സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത് ചർച്ചയായിരുന്നു. ഭർത്താവിനെതിരെ പരാതി നൽകിയത് വീട്ടുകാരുടെ സമ്മർദത്തെ തുടർന്നാണെന്നാണ് യുവതി പറഞ്ഞിരുന്നത്. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ഡൽഹിയിലേക്ക് തിരിച്ചു പോവുകയും ചെയ്തിരുന്നു.
എന്നാൽ, യുവതിയുടെ നീക്കം രാഹുലിന്റെ സമ്മർദത്തെ തുടർന്നാണെന്നാണ് പൊലീസിന്റെ വാദം. ഇതിന് പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഹൈകോടതിയിൽ ഹരജിയും ഫയൽ ചെയ്തിരുന്നു. പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്നാണ് രാഹുൽ ഹൈകോടതിയില്‍ അറിയിച്ചത്. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രാഹുലിന്റെ ഹരജിയില്‍ സർക്കാരിനും പന്തീരാങ്കാവ് എസ്.എച്ച്.ഒക്കും പരാതിക്കാരിക്കും കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിനിടെയാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
Your experience on this site will be improved by allowing cookies.