Latest News
Latest News
ആലപ്പുഴ: മഴയിൽ സ്കൂട്ടറിൽ നിന്നിറങ്ങി വഴിയോരത്ത് നിൽക്കവെ കൂറ്റൻ മരം വീണ് പരിക്കേറ്റ ദമ്പതികളില്‍ ഒരാള്‍ മരണപ്പെട്ടു. ആലപ്പുഴ പവർഹൗസ് വാർഡ് സിയ മൻസിലിൽ ഉനൈസ് (28) ആണ് അപകടത്തിൽ മരണപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 11.15ന് ആലപ്പുഴ മട്ടാഞ്ചേരി പാലത്തിന് സമീപമായിരുന്നു സംഭവം. ഈ ആഴ്ച വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ട പേപ്പറുകൾ ശരിക്കാൻ അക്ഷയ കേന്ദ്രത്തിലേക്ക് ഭാര്യ അലീഷ (25) യുമായി സ്കൂട്ടറിൽ പോയതിന് പിന്നാലെയായിരുന്നു അപകടം. യാത്രക്കിടെ കനത്ത കാറ്റും മഴയുമെത്തിയതോടെ സ്കൂട്ടറിൽ നിന്നിറങ്ങി കാത്തിരിപ്പു കേന്ദ്രത്തിന് സമീപം നിന്നു. ഈ സമയം എതിർവശത്തുള്ള പാഴ്മരം കാറ്റിൽ ആടിയുലയുന്നത് കണ്ട് പേടിച്ച ഇരുവരും ഓടിമാറുന്നതിനിടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
മരത്തിന്റെ ചില്ലകൾ വീണ് കാലൊടിഞ്ഞ അലീഷയെയാണ് ആദ്യം പുറത്തെടുത്തത്. നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി അലീഷയെ ജനറൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നാലെയാണ് ശരീരം പൂർണമായും മരത്തിനടിയിലായിരുന്ന ഉനൈസിനെ പുറത്തെടുത്തത്. സമീപത്തെ തടിമില്ലിൽ നിന്ന് ക്രെയിൻ എത്തിച്ച് മരം ഉയർത്തി മാറ്റിയാണ് ഉനൈസിനെ പുറത്തെടുത്ത് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെയാണ് ഉനൈസിന്റെ മരണം.
Your experience on this site will be improved by allowing cookies.