Latest News
Latest News
കണ്ണൂർ: ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് എംവിഡി. കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ വയനാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒക്കാണു റിപ്പോർട്ട് നൽകിയിരിക്കുന്നത്. ആകാശ് നിയമം ലംഘിച്ച് യാത്ര നടത്തിയതുമായി ബന്ധപ്പെട്ട് വാഹന ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ ആർ.ടി.ഒ കേസെടുത്തിരുന്നു. 45,500 രൂപ പിഴയും ചുമത്തി. എന്നാൽ ഇതുവരെയും ആകാശിനെതിരെ നടപടി എടുത്തിട്ടില്ല.
കണ്ണൂരിൽ എവിടെയും ആകാശ് തില്ലങ്കേരിയുടെ പേരിൽ ലൈസൻസ് ഇല്ലെന്നാണു കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ റിപ്പോർട്ട്. ആകാശ് തില്ലങ്കേരി റോഡ് നിയമങ്ങൾ ലംഘിച്ച് ജീപ്പോടിച്ച സംഭവത്തിൽ സ്വമേധയ കേസെടുക്കുമെന്നു ഹൈകോടതി അറിയിച്ചിരുന്നു. പൊതുസ്ഥലത്ത് ഉണ്ടാകാൻപോലും പാടില്ലാത്ത വാഹനമാണിതെന്നും സ്വമേധയാ ഇടപെടുമെന്നുമാണു കോടതി അറിയിച്ചിരിക്കുന്നത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആകാശ് തില്ലങ്കേരി പനമരം നഗരത്തിലൂടെ റോഡുനിയമങ്ങൾ ലംഘിച്ചാണ് ജീപ്പ് ഓടിച്ചത്. നമ്പർ പ്ലേറ്റില്ലാത്ത ജീപ്പിൽ സീറ്റ് ബെൽറ്റിടാതെയായിരുന്നു യാത്ര. മറ്റു രണ്ടുപേരും വാഹനത്തിലുണ്ടായിരുന്നു.ഞായറാഴ്ചയാണ് സാധാരണ ടയറുകൾക്ക് പകരം ഭീമൻ ടയറുകൾ ഘടിപ്പിച്ച ജീപ്പുമായി ആകാശും കൂട്ടാളികളും നഗരത്തിലിറങ്ങിയത്. ഇതിന്റെ വീഡിയോകൾ എഡിറ്റ് ചെയ്ത് മ്യൂസിക്കും ഡയലോഗുമടക്കം ചേർത്ത് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വയനാട് ആർ.ടി.ഒക്ക് പരാതി നൽകുകയായിരുന്നു.
Your experience on this site will be improved by allowing cookies.