Latest News
Latest News
കോഴിക്കോട് : സൈബർ സാമ്പത്തിക തട്ടിപ്പ് ചതിക്കുഴിയിലേക്ക് ഇതാ പുതിയ രീതി എത്തിയിരിക്കുന്നു. "ഡിജിറ്റൽ അറസ്റ്റ്" തട്ടിപ്പ് എന്നതാണ്. എ ഐ സാങ്കേതിക വിദ്യ ഉൾപ്പെടെ ഉപയോഗിച്ച് വിവിധ അന്വേഷണ ഏജൻസികൾ എന്ന വ്യാജേനയാണ് തട്ടിപ്പ് സംഘം ഇരകളെ സമീപിക്കുന്നത്. വിർച്വൽ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് പറഞ്ഞ് കോഴിക്കോട് സ്വദേശിയിൽ നിന്നും ഒന്നരക്കോടിയോളം രൂപയാണ് ഈ സംഘം തട്ടിയത്. സമാന തരത്തിൽ വേറെയും പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കോഴിക്കോട് സൈബർ പൊലീസ് അറിയിച്ചു.
മുംബൈയിലെ സിബിഐ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് സൈബര്‍ തട്ടിപ്പ് സംഘം ആദ്യം ഫോണ്‍ കോളിലൂടെയും പിന്നീട് വാട്സ് ആപ്പുകള്‍ വഴിയും കോഴിക്കോട് സ്വദേശിയെ തുടര്‍ച്ചായി ബന്ധപ്പെടുന്നത്. പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആളാണ് കോഴിക്കോട് വന്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന് ഇരയായ ആള്.
പരാതിക്കാരന്റെ വ്യക്തിഗതവിവരങ്ങളും രേഖകളും ഉപയോഗിച്ച് മുംബൈയില്‍ ആരംഭിച്ച ബാങ്ക് അക്കൗണ്ടുകള്‍ വഴി വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നെന്നായിരുന്നു ഇവര്‍ അറിയിച്ചത്. വിശ്വാസ്യത വരുത്താനായി സിബിഐ ചിഹ്നങ്ങളുള്ള വ്യാജ കത്തുകളും കോടതി വാറണ്ട് രേഖകളും അയച്ചു കൊടുത്തു. പലതവണ ഈ സംഘം ആശയവിനിമയം നടത്തി. ഒടുവില്‍ നിങ്ങള്‍ വിര്‍ച്വല്‍ അറസ്റ്റിലായെന്നും മറ്റാരോടെങ്കിലും പറഞ്ഞാല്‍ നേരിട്ടെത്തി കസ്റ്റഡിയിലെടുത്ത് മുംബൈയിലേക്ക് കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ പരാതിക്കാരന് കടുത്ത സമ്മര്‍ദ്ദത്തിലായി.
കേസ് നടപടികളുടെ ഭാഗമായി ഒന്നരക്കോടിയോളം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി അയച്ചു നല്കിയാല് അറസ്റ്റ് ഒഴിവാക്കാമെന്നും കേസ് അവസാനിക്കുമ്പോള്‍ ആ തുക തിരിച്ചു നല്‍കുമെന്നും സംഘം പരാതിക്കാരനെ വിശ്വസിപ്പിച്ചു. പണം തിരിച്ചുകിട്ടുമെന്ന ഉറപ്പില്‍ അഞ്ച് ഇടപാടുകളിലൂടെയാണ് ആകെയുള്ള സമ്പാദ്യമായ ഒരു കോടി 43 ലക്ഷത്തി പതിനയ്യായിരം രൂപ തട്ടിപ്പ് സംഘം നല്കിയ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. എന്നാല്‍ പിന്നീട് തട്ടിപ്പാണെന്ന് മനസിലാക്കിയതോടെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
ഇരകളുടെ പേരില്‍ മയക്കുമരുന്ന് പാര്‍സല്‍ എത്തിയുണ്ടെന്ന് പറഞ്ഞ് വിവിധ അന്വേഷണ ഏജന്‍സികളെന്ന വ്യാജേന വിളിച്ച് പണം ആവശ്യപ്പെടുന്ന സംഭവങ്ങളുമുണ്ടെന്ന് പൊലീസ് പറയുന്നു. വിവിധ ഏജന്‍സികളുടെ ഓഫീസും യൂണീഫോമുകളൊമൊക്കെ എ ഐ സാങ്കേതിക വിദ്യയും മറ്റുമൊക്കെഉപയോഗപ്പെടുത്തി സൃഷ്ടിച്ചാണ് തട്ടിപ്പ്. എന്‍ഫോഴ്സ്മെന്റ് അടക്കം ഒരു അന്വേഷണ ഏജന്‍സിയും ഫണ്ടുകള്‍ കൈമാറാന്‍ ആവശ്യപ്പെടാറില്ല. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
Your experience on this site will be improved by allowing cookies.