Latest News
Latest News
ന്യൂഡൽഹി: യു.പിയിൽ കാവടി തീർഥാടകർ കാർ അടിച്ച് തകർത്ത് യാത്രക്കാരെ മർദിച്ചതായി പരാതി. ഹരിദ്വാർ-ഡൽഹി ദേശീയപാതയിലായിരുന്നു സംഭവം നടന്നിരിക്കുന്നത്. കാർ ദേഹത്ത് മുട്ടിയതിലൂടെ അശുദ്ധിയുണ്ടായെന്ന് ആരോപിച്ചാണ് തീർഥാടകർ വാഹനം തകർത്തത്.
അതേസമയം, കാർ തട്ടിയെന്ന പരാതിയുമായി തീർഥാടകരാരും രംഗത്ത് വന്നിട്ടില്ലെന്ന് യു.പി പൊലീസ് പറഞ്ഞു.പൊലീസ് തകർന്ന കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഇത് പൂർത്തിയായാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുവെന്നും പൊലീസ് അറിയിച്ചു.
യു.പിയിലെ കാവടി യാത്രാ വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്റെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എ.പി.സി.ആർ നൽകിയ ഹരജിയിലായാണ് സുപ്രിംകോടതി നടപടി. കട ഉടമകളുടെ പേര് പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാദ ഉത്തരവ് മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി, യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സർക്കാറുകൾ നോട്ടീസ് അയച്ചു. വിഷയം കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. മഹുവ മൊയ്ത്രയും സുപ്രീംകോടതിയിൽ ഹരജി നൽകിയിരുന്നു.
വിവാദ ഉത്തരവിനെതിരെ കടുത്ത പ്രതിഷേധമാണ് വിവിധ കോണുകളിൽനിന്ന് ഉയർന്നത്. മുസ്ലിംകളെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്നും ഹിറ്റ്ലറുടെ നാസി ജർമനിയെ ഓർമിപ്പിക്കുന്നതാണെന്നുമെല്ലാം വിമർശനമുയർന്നിരുന്നു. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവകക്ഷി യോഗത്തിലടക്കം ശക്തമായ വിമർശനം ഉയർന്നിരുന്നു. തുടർന്ന് ഇന്ന്, യു.പി സർക്കാറിന്റെ വിവാദ ഉത്തരവ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ ഹാരിസ് ബീരാൻ, പി. സന്തോഷ് കുമാർ എന്നിവർ നോട്ടീസ് നൽകിയിരുന്നു. ഇതിനിടയിലാണ് സുപ്രീംകോടതിയുടെ സ്റ്റേ വന്നിരിക്കുന്നത്.
കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റെസ്റ്റൊറന്റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.
Your experience on this site will be improved by allowing cookies.