Latest News
Latest News
കൊച്ചി: തൃപ്പൂണിത്തുറയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനം. തലയോല പറമ്പ് സ്വദേശി സുബൈറിനാണ് മർദ്ദനമേറ്റിരിക്കുന്നത്. എറണാകുളം കെഎസ്ആർടിസി ഡിപ്പോ ഡ്രൈവറാണ് സുബൈർ. ബസ് സ്റ്റോപ്പിന് സമീപത്തെ കാർ മാറ്റാൻ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായിരിക്കുന്നത്. ഇന്നോവ കാർ ഡ്രൈവറാണ് തന്നെ മർദിച്ചതെന്ന് സുബൈർ പറഞ്ഞു. എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്ക് രാവിലെ എട്ടരയ്ക്ക് പുറപ്പെട്ട സർവ്വീസിനിടെയാണ് സംഭവം. തൃപ്പൂണിത്തുറ ജംഗ്ഷനിൽ വെച്ച് ഇന്നോവ കാർ മാറ്റാനായി ഹോണടിച്ചു. ഈ സമയം കാറിൽ നിന്നൊരാൾ ഗ്ലാസ് താഴ്ത്തി കൈ കൊണ്ട് ആംഗ്യം കാണിച്ചുവെന്ന് ഡ്രൈവർ സുബൈർ പറയുന്നു. തൊട്ടടുത്ത് ബസ് സ്റ്റോപ്പായിരുന്നു. ഇവിടെ ബസ് നിർത്തി ആളെക്കയറ്റി മുന്നോട്ട് യാത്ര തുടർന്നതോടെ മുന്നിൽ കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു. കാറിൽ നിന്നിറങ്ങി ബസ്സിന്റെ ഡോർ തുറന്ന് കയറി ഒരാൾ തൻ്റെ മുഖത്തും കയ്യിലും അടിക്കുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.
മർദനത്തിൽ കൈയ്ക്ക് പരിക്കേറ്റു. ഒരുപാട് അസഭ്യം പറഞ്ഞതിന് ശേഷമായിരുന്നു മർദനം. പെട്ടെന്നുള്ള ആക്രമണമായതിനാൽ പ്രതികരിക്കാനായില്ലെന്നും ഡ്രൈവർ പറഞ്ഞു. നിലവിൽ തൃപ്പൂണിത്തുറ ആശുപത്രിയിൽ ചികിത്സയിലാണ് സുബൈർ. സംഭവത്തിൽ പൊലീസ് കേസെടുത്തു. പൊലീസ് സ്ഥലത്തെത്തി സുബൈറിൻ്റെ മൊഴി രേഖപ്പെടുത്തി. പ്രതിയ്ക്കായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
Your experience on this site will be improved by allowing cookies.