Latest News
Latest News
ന്യൂഡൽഹി: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം നൽകിയതിനെതിരെ,എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. അഴിമതിയുമായി സോറന് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ യാതൊന്നും ഇ.ഡിക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കാണിച്ച് ജൂൺ 28ന് ഝാർഖണ്ഡ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യ ഉത്തരവിൽ ഹൈകോടതി വ്യക്തമായി കാരണം പറയുന്നുണ്ടെന്നും, ഇതിൽ തങ്ങളെ ഇടപെടില്ലെന്നും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
ഝാർഖണ്ഡ് മുക്തിമോർച്ച ചെയർമാൻ കൂടിയായ ഹേമന്ത് സോറനെ ജനുവരി 31നാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. രേഖകളിൽ കൃത്രിമം കാട്ടി റാഞ്ചിയിൽ 8.8 ഏക്കർ ഭൂമി സോറൻ സ്വന്തമാക്കിയെന്നാണ് കേസ്. ഇതിനായി സർക്കാർ പദ്ധതി ദുരുപയോഗം ചെയ്തെന്നും ഇ.ഡി ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച സോറൻ, കെട്ടിച്ചമച്ച കേസിലൂടെ ബി.ജെ.പി രാഷ്ട്രീയ വിരോധം തീർക്കുകയാണെന്നും പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ആയിരുന്നു അറസ്റ്റ്.
അറസ്റ്റിന് നിമിഷങ്ങൾക്കു മുമ്പ് സോറൻ മുഖ്യമന്ത്രി പദം ഒഴിഞ്ഞിരുന്നു. അഞ്ച് മാസത്തെ ജയിൽവാസത്തിനു ശേഷം തിരിച്ചെത്തി, ഈ മാസമാദ്യം വീണ്ടും മുഖ്യമന്ത്രി കസേരയിലെത്തി.
Your experience on this site will be improved by allowing cookies.