Latest News
Latest News
മംഗളൂരു: സ്ഥലംമാറ്റം ഒഴിവാക്കാൻ സഹപ്രവർത്തകനിൽനിന്ന് കൈക്കൂലി വാങ്ങിയ എസ്ഐയെ പിടികൂടി. കർണാടക സ്റ്റേറ്റ് റിസർവ് പൊലീസ് (കെ.എസ്.ആർ.പി.) കൊണാജെ സ്റ്റേഷനിലെ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിസ് ആണ് അറസ്റ്റിലായത്. ട്രാൻസ്ഫർ ഒഴിവാനായി 18,000 രൂപ കൈക്കൂലി വാങ്ങവെയാണ് മുഹമ്മദ് ഹാരിസിനെ ലോകായുക്ത അറസ്റ്റ് ചെയ്തത്.
ഹാരിസിന്റെ സഹപ്രവർത്തകനായ കോൺസ്റ്റബിൾ അനിലിന്റെ പരാതിയിലാണ് അറസ്റ്റ്. അനിലിന് അടുത്തിടെ മറ്റൊരു സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. ഈ ട്രാൻസ്ഫർ ഒഴിവാക്കിത്തരാമെന്നും നിലവിൽ ജോലി ചെയ്യുന്ന കൊണാജെ ഓഫീസിൽത്തന്നെ തുടരാൻ പണം നൽകണമെന്ന് എസ്ഐ ആവശ്യപ്പെട്ടു. മാസം 6000 രൂപ വീതം തനിക്ക് കൈക്കൂലിയായി നൽകണമെന്നായിരുന്നു ഇൻസ്പെക്ടർ കോൺസ്റ്റബിളിനോട് ആവശ്യപ്പെട്ടത്.
എസ്ഐയുടെ വാക്കിന്റെ ഉറപ്പിൽ അനിൽ 50,000 രൂപ ഹാരിസിന് നൽകി. എന്നാൽ അച്ഛന് അസുഖമായതിനാൽ കഴിഞ്ഞ ഏപ്രിൽ മുതൽ അനിലിന് കൈക്കൂലി പണം നൽകാനായില്ല. പക്ഷേ ഇൻസ്പെക്ടർ ഹാരിസ് അനിലിനോട് എല്ലാ ദിവസവും പണം ആവശ്യപ്പെട്ടു. പണം നൽകാൻ നിവൃത്തിയില്ലെന്ന് പറഞ്ഞതോടെ ട്രാൻസ്ഫർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ അനിൽ രഹസ്യമായി ലോകായുക്തക്ക് പരാതി നൽകുകയായിരുന്നു.
മൂന്നുമാസത്തെ കൈക്കൂലി തുകയായ 18,000 രൂപ ഒരുമിച്ച് നൽകണമെന്നായിരുന്നു മുഹമ്മദ് ഹാരിസ് കോൺസ്റ്റബിളിനോട് ആവശ്യപ്പെട്ടത്. ലോകായുക്തയുടെ നിർദ്ദേശത്തെ തുടർന്ന് നിർദേശത്തെ തുടർന്ന് അനിൽ കഴിഞ്ഞദിവസം തുക ഹാരിസിന് കൈമാറുമ്പോൾ ലോകായുക്ത അറസ്റ്റ് ചെയ്യുകയായിരുന്നു.
Your experience on this site will be improved by allowing cookies.