Latest News
Latest News
കൊൽക്കത്ത: ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബംഗാൾ സർക്കാർ സുപ്രീം കോടതിയിൽ. ഗവർണർ എട്ട് ബില്ലുകൾ അംഗീകരിക്കാത്തതിനാലാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.2022 മുതൽ പാസാക്കിയ എട്ട് ബില്ലുകൾ ഒരു നടപടിയും സ്വീകരിക്കാതെ അവശേഷിപ്പിച്ചതിനാൽ സംസ്ഥാന സർക്കാറിന്റെ ശ്രമങ്ങൾ ഫലപ്രദമമാക്കുന്നില്ലെന്ന് ഹർജിയിൽ വ്യക്തമാകുന്നു. അടിയന്തര ലിസ്റ്റിങ്ങിനായി അഭിഭാഷകയായ ആസ്ത ശർമ സമർപ്പിച്ച ഹരജി, നേരത്തെ വാദം കേൾക്കുന്നത് പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് സമ്മതിച്ചു.
എട്ട് സുപ്രധാന ബില്ലുകൾ സംബന്ധിച്ച ഗവർണറുടെ നടപടികളും നിഷ്ക്രിയത്വവും മൂലമുണ്ടായ ഭരണഘടനാ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 പ്രകാരം സുപ്രീം കോടതിയെ സമീപിക്കാൻ നിർബന്ധിതരായെന്ന് സർക്കാർ വാദിച്ചു. ഗവർണർ ന്യായമായ കാരണങ്ങളില്ലാതെ ഭരണഘടനാപരമായ ഉത്തരവുകൾ ലംഘിച്ച് അനുമതി തടഞ്ഞുവെന്നും സംസ്ഥാനം ആരോപിച്ചു.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ പരിഗണിക്കാതെയും അനുമതി നൽകാതെയും ഗവർണർ സി.വി. ആനന്ദ ബോസ് തന്റെ സെക്രട്ടറി മുഖേന ഭരണഘടനാ വിരുദ്ധമായും നിയമവിരുദ്ധമായും ഏകപക്ഷീയമായും യുക്തിരഹിതമായും പ്രവർത്തിച്ചുവെന്ന് പ്രഖ്യാപിക്കണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു.
ഗവർണറുടെ പെരുമാറ്റം സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനുള്ള അവകാശങ്ങളെ ലംഘിക്കുന്നതായും ഹരജിയിൽ പറയുന്നു. എല്ലാ തീർപ്പാക്കാത്ത ബില്ലുകളും ഫയലുകളും സർക്കാർ ഉത്തരവുകളും ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പാക്കാൻ ഗവർണർക്ക് ഉചിതമായ നിർദ്ദേശം നൽകണമെന്ന് സർക്കാർ കോടതിയോട് അഭ്യർഥിച്ചു.
Your experience on this site will be improved by allowing cookies.