Latest News
Latest News
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി മുഖ്യമന്ത്രിയും മുതിർന്ന എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25 വരെ നീട്ടി. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ വെള്ളിയാഴ്ച സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ഡൽഹി മുഖ്യമന്ത്രിയാണെന്നതും തടവിൽ കഴിഞ്ഞ കാലയളവും പരിഗണിച്ചായിരുന്നു ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീകോടതിയുടെ രണ്ടംഗ ബെഞ്ച് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. എന്നാൽ മദ്യനയത്തിൽ സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസുള്ളതിനാൽ കെജ്രിവാളിന് പുറത്തിറങ്ങാൻ സാധിക്കില്ല. ജൂൺ 26നാണ് സി.ബി.ഐ കെജ്രിവാളിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മദ്യനയ അഴിമതിയുടെ മുഖ്യ ആസൂത്രകരിലൊരാളാണ് കെജ്രിവാൾ എന്നാണ് സി.ബി.ഐ ആരോപിക്കുന്നത്.
കെജ്രിവാളിൻ്റെ അടുത്ത അനുയായിയായ എ.എ.പിയുടെ മീഡിയ ഇൻ-ചാർജ് ആയിരുന്ന വിജയ് നായർ വിവിധ മദ്യ നിർമാതാക്കളുമായും കച്ചവടക്കാരുമായും ബന്ധപ്പെട്ടിരുന്നുവെന്നും കൂടാതെ മദ്യ നയത്തിൽ അവർക്ക് അനുകൂലമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയതിന് പണം ആവശ്യപ്പെട്ടുവെന്നും സി.ബി.ഐ കുറ്റപത്രത്തിൽ സൂചിപ്പിച്ചിരുന്നു.
ഡൽഹി മദ്യനയക്കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ആദ്യം ഇ.ഡി കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ വിചാരണ കോടതി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
Your experience on this site will be improved by allowing cookies.