Latest News
Latest News
കോഴിക്കോട്: കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ സൈന്യത്തെ ഇറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഇ-മെയിൽ സന്ദേശം അയച്ച് കുടുംബം.രക്ഷാപ്രവർത്തനത്തിന് വേഗം കൂട്ടണമെന്നാണ് കുടുംബം ആവശ്യമുന്നയിച്ചത്. രണ്ടുദിവസം കർണാടകയിലെ അധികൃതർ വീഴ്ച വരുത്തി. നിലവിലെ രക്ഷാദൗത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. അർജുനൊപ്പം എത്രപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നത് സംബന്ധിച്ച കൃത്യമായ വിവരവും അധികൃതർ പുറത്തുവിടണമെന്നും കുടുംബം ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് കേരളത്തിൽ നിന്ന് ആളുകളെ അയക്കാൻ അനുവദിക്കണമെന്നും കുടുംബം അഭ്യർഥിച്ചു.അമ്മ ഷീലയും സഹോദരി അഞ്ജുവുമടക്കമുള്ള കുടുംബമാണ് മാധ്യമപ്രവർത്തകരോട് സംസാരിച്ചത്.
അർജുനടക്കം മൂന്നുപേർ അഞ്ചുദിവസമായി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അർജുനെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം അന്തിമഘട്ടത്തിലാണ്. ചെളിനിറഞ്ഞ മണ്ണാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്. ശനിയാഴ്ച രാവിലെ മംഗളൂരുവിൽ നിന്നും എത്തിച്ച റഡാർ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. റഡാറിൽ നിന്നും സിഗ്നൽ ലഭിച്ചുവെങ്കിലും മണ്ണിനടിയിലുള്ളത് ലോറിയാണെന്ന് ഉറപ്പിക്കാനായിട്ടില്ല.നിലവിൽ ഈ സ്ഥലത്തെ മണ്ണ് മാറ്റിക്കൊണ്ട് ഊർജിത തിരച്ചിൽ നടക്കുകയാണ്. റഡാർ ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്ന് കേരള മുഖ്യമന്ത്രി അടക്കമുള്ളവർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
നാവികസേന, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ്, അഗ്നിശമനസേന, പൊലീസ് എന്നിവരെല്ലാം അർജുന് വേണ്ടിയുള്ള തിരച്ചിലിൽ പങ്കാളികളാണ്. ദേശീയപാത 66ൽ ഉത്തര കന്നഡ കാർവാറിനടുത്ത് അങ്കോളയിലെ ഷിരൂർ വില്ലേജിൽ നടന്ന അപകടത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇവിടെയാണ് അർജുനും ലോറിയും മണ്ണിടിച്ചലിൽ കുടുങ്ങിയത്.
Your experience on this site will be improved by allowing cookies.