Latest News
Latest News
കെയ്റോ: ഗസ്സ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രായേൽ ഉടമസ്ഥതയിലുള്ളതും ഇസ്രായേലിലേക്കും തിരിച്ചും പോകുന്നതുമായ കപ്പലുകൾക്ക് നേരെ ഹൂതി ആക്രമണം തുടർന്നതോടെ സൂയസ് കനാലിന്റെ വരുമാനത്തിൽ വൻ ഇടിവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 2023-24 സാമ്പത്തിക വർഷത്തിലെ വരുമാനം 7.2 ബില്യൺ ഡോളറായി കുറഞ്ഞതായി ഈജിപ്ഷ്യൻ കനാൽ അതോറിറ്റി മേധാവി ഒസാമ റാബി അറിയിച്ചു. കഴിഞ്ഞ വർഷം 9.4 ബില്യൺ ഡോളറായിരുന്നു വരുമാനം. ഇത്തവണ 2.2 ബില്യൻ ഡോളർ അഥവാ 18,400 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്.
യമൻ കേന്ദ്രമായ ഹൂത്തികളുടെ നേതൃത്വത്തിൽ നടക്കുന്ന ആക്രമണത്തെ തുടർന്ന് ഇസ്രായേലി ബന്ധമുള്ള മിക്ക കപ്പൽ കമ്പനികളും ബദൽ മാർഗങ്ങളിലൂടെ ആയിരക്കണക്കിന് കിലോമീറ്റർ അധികം സഞ്ചരിച്ച് ചുറ്റിവളഞ്ഞാണ് ഇപ്പോൾ ലക്ഷ്യ സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വർഷം 25,911 കപ്പലുകളായിരുന്നു കനാൽ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇത്തവണ കപ്പലുകളുടെ എണ്ണം 20,148 ആയി കുറഞ്ഞു.
ഗസ്സക്കെതിരായ യുദ്ധം ഇസ്രായേൽ നിർത്തുന്നത് വരെ ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകൾക്കു നേരെ തങ്ങളുടെ ആക്രമണം തുടരുമെന്ന് ഇറാൻ അനുകൂല ഹൂത്തി സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Your experience on this site will be improved by allowing cookies.