Latest News
Latest News
ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിന് ശേഷം കൊലപ്പെടുത്തി. മൂന്നാം ക്ലാസുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. 12 വയസ്സുള്ള രണ്ട് കുട്ടികളും 13 വയസ്സുള്ള മറ്റൊരു കുട്ടിയും ചേർന്നാണ് ക്രൂരകൃത്യം നടത്തിയിരിക്കുന്നത്. തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് മൃതദേഹം കനാലിൽ തള്ളിയത്. നന്ത്യാൽ ജില്ലയിലാണ് സംഭവം.
ആറും ഏഴും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളാണ് പ്രതികൾ. കുട്ടികളെല്ലാവരും ഒരേ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്. ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും തിങ്കളാഴ്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് ഇത് പുറംലോകമറിഞ്ഞത്.
പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് ഞായറാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. പാർക്കിൽ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായതെന്ന് പിതാവ് പൊലീസിൽ മൊഴി നൽകിയിരുന്നു. പ്രദേശവാസികളെ ചോദ്യം ചെയ്തുവെങ്കിലും പൊലീസിന് കുട്ടിയെ കണ്ടെത്താൻ സാധിച്ചില്ല.
പൊലീസ് നായയെ എത്തിച്ച് നടത്തിയ പരിശോധനക്കൊടുവിൽ നായ പ്രതികളിൽ ഒരാളുടെ വീട്ടിലേക്ക് പോയി. തുടർന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. പാർക്കിൽ കളിക്കുകയായിരുന്ന മൂന്നാം ക്ലാസുകാരിയെ ഒപ്പം കളിക്കാൻ വിളിച്ചു കൊണ്ടുപോയ പ്രതികൾ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടി വിവരം പുറത്തു പറയുമെന്ന ഭയത്താൽ കൊലപ്പെടുത്തി കനാൽ പരിസരത്ത് ഒളിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Your experience on this site will be improved by allowing cookies.