Latest News
Latest News
ദില്ലി: കൊറിയർ സ്ഥാപനത്തിൽ നിന്ന് 10.25 ലക്ഷം രൂപയുടെ ഉത്പന്നങ്ങൾ ഡെലിവറി ബോയ്സ് അടിച്ചുമാറ്റി. കഴിഞ്ഞ മാസമാണ് 37 ഷിപ്പ്മെന്റുകളിൽ നിന്നുമായി 10.25 ലക്ഷം രൂപയുടെ സാധനങ്ങളാണ് ജീവനക്കാർ മോഷ്ടിച്ചത്. സംഭവത്തിൽ മൂന്ന് ഡെലിവറി ബോയ്സ് അടക്കം നാല് പേരെ ദില്ലി പൊലീസ് പിടികൂടി. കിഴക്കൻ ദില്ലിയിലെ മധു വിഹാറിലെ ഷാഡോഫാക്സ് ടെക്നോളജീസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്. 22കാരനായ രാജ കുമാർ, 22 കാരനായ ബ്രിജേഷ് മൌര്യ, 26കാരനായ നിതിൻ ഗോല എന്നിവരാണ് പിടിയിലായത്. രാജ കുമാറിന്റെ സഹോദരനായ അഭിഷേകിനേയും പൊലീസ് അറസ്റ്റ് ചെയ്തു. കൊറിയർ സ്ഥാപന ഉടമയുടെ പരാതിയേ തുടർന്ന് നടന്ന പ്രാഥമിക അന്വേഷണത്തിൽ രാജകുമാർ അറസ്റ്റിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്ഥാപനത്തിലെ മറ്റ് ജീവനക്കാരുടെ പങ്ക് വ്യക്തമായത്.
തെറ്റായ അഡ്രസ് നൽകി ഇവർ തന്നെ വലിയ മൂല്യമുള്ള ഉൽപന്നങ്ങൾ ഓർഡർ ചെയ്യുകയും ഇത് കൊറിയർ സ്ഥാപനത്തിൽ നിന്ന് വിതരണത്തിന് അയയ്ക്കുമ്പോൾ അടിച്ചുമാറ്റുന്നതുമായിരുന്നു ഇവരുടെ തട്ടിപ്പ് രീതി. ഓർഡർ നൽകിയ ആളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നായിരുന്നു കൊറിയർ സ്ഥാപനത്തിൽ ഇവർ നൽകിയിരുന്ന മറുപടി. ഒരേ റൂട്ടിൽ വരുന്ന ഉയർന്ന മൂല്യമുള്ള പ്രൊഡക്ടുകളാണ് ഇവർ സംഘമായി അടിച്ച് മാറ്റിയിരുന്നത്. മൌര്യ, ഗോല, അഭിലാഷ് എന്നിവർ ഇത്തരത്തിൽ കൈക്കലാക്കുന്ന വസ്തുക്കൾ രാജകുമാറിന് നൽകുകയും ഇയാൾ ഇത് ഒഎൽഎക്സിലൂടെ വിൽക്കുന്നതുമായിരുന്നു ഇവരുടെ തട്ടിപ്പ് രീതി. തെറ്റായ അഡ്രസുകൾ നൽകിയായിരുന്നു ഒഎൽഎക്സിൽ സാധനങ്ങൾ ഇത്തരത്തിൽ വിറ്റയച്ചിരുന്നത്.
പാണ്ഡ് നഗറിലെ ഒരു വീട്ടിൽ നിന്നാലെ പൊലീസ് രാജകുമാറിനെ അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ ഡെലിവറി ബോയ്സ് അടിച്ചുമാറ്റിയ സാധനങ്ങളിലെ 70 ശതമാനവും കണ്ടെത്തിയെന്നാണ് ദില്ലി പൊലീസ് വിശദമാക്കുന്നത്. ജൂൺ 19നാണ് കൊറിയർ ഹബ്ബിന്റെ ചുമതലയിലുള്ള ശുഭം ശർമ്മ പൊലീസിൽ പരാതി നൽകിയത്. രാജകുമാറിന് നൽകിയ കൊറിയറുകളുടെ വിവരം ഇല്ലെന്നും ഇയാളുമായി ബന്ധപ്പെടാൻ ആവുന്നില്ലെന്നും ജീവനക്കാരൻ താമസം മാറിയെന്നുമായിരുന്നു പരാതിയിൽ ശുഭം ശർമ വിശദമാക്കിയിരുന്നത്.
Your experience on this site will be improved by allowing cookies.