Latest News
Latest News
ഓച്ചിറ: മുന്‍ വിരോധത്താൽ യുവാവിനെ ആക്രമിച്ച് പരിക്കേല്പിച്ച ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയിൽ. ഓച്ചിറ, വലിയകുളങ്ങര മീനാക്ഷി ഭവനില്‍ അജയ് (25) ആണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. കോഴിമുക്ക് പുന്നമൂട്ടില്‍ പുത്തന്‍ വീട്ടില്‍ ഇര്‍ഫാനെ (24)യാണ് പ്രതിയും സംഘവും ആക്രമിച്ചത്. സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ നാലിനായിരുന്നു സംഭവം. ഇര്‍ഫാന്റെ സുഹൃത്ത് നസീറും പ്രതിയായ അജയും തമ്മില്‍ വഴക്ക് ഉണ്ടായപ്പോള്‍ ഇര്ഫാന് പിടിച്ചുമാറ്റാന്‍ ശ്രമിച്ചുവെന്ന വിരോധമാണ് അക്രമത്തിലേക്ക് നയിച്ചത്. രാത്രി 10.30ഓടെ സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ വന്ന ഇര്‍ഫാനെ പ്രതിയും സംഘവും തടഞ്ഞുനിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇര്‍ഫാന്റെ തലയ്ക്കും ദേഹത്തും സാരമായി പരിക്കേറ്റു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അജയ്. കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞ പ്രതി ഏപ്രിലിൽ പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും കേസില്‍ പ്രതിയായത്.
ഓച്ചിറ പൊലീസ് ഇന്‍സ്പെക്ടര്‍ അജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ സുനില്‍ എസ്.സി.പി.ഒ സെബിന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Your experience on this site will be improved by allowing cookies.