Latest News
Latest News
ഡെങ്കിപ്പനിക്ക് യഥാസമയം ചികിത്സ തേടുന്നത് രോഗം ഗുരുതരമായി മരണകാരണമാകുന്നത് ഒഴിവാക്കാന്‍ പ്രധാനമാണെന്ന് ജില്ല ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്കി. ഡെങ്കിപ്പനി വിവിധ രോഗലക്ഷണങ്ങളോടെ പ്രകടമാകാം. ഭൂരിഭാഗം പേരിലും സാധാരണ വൈറല്‍ പനി പോലെ രോഗം വന്നു പോകാം. എന്നാല്‍ ചിലരില്‍ രോഗബാധ ഗുരുതരമായി ഡെങ്കി ഹെമറേജിക് ഫീവര്‍, ഡെങ്കി ഷോക്ക് സിന്‍ഡ്രോം എന്നിങ്ങനെ ഗുരുതരമായ ഡെങ്കിപ്പനി ഉണ്ടാകാം.
രണ്ടുവട്ടം ഡെങ്കിപ്പനി വരുന്നത് കൂടുതല്‍ ശ്രദ്ധിക്കുക
ഡെങ്കി വൈറസ് നാല് തരത്തിലുണ്ട്. ആദ്യ രോഗബാധയില്‍ നിന്നും വ്യത്യസ്തമായ വൈറസ് ആണ് രണ്ടാമത്തെ ഡെങ്കിപ്പനി ഉണ്ടാക്കുന്നതെങ്കില്‍ ഡെങ്കിപ്പനി ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ രോഗലക്ഷണങ്ങള്‍ അവഗണിക്കരുത്, ചികിത്സ തേടുക. അപായ സൂചനകള്‍ ഉണ്ടായാല്‍ അടിയന്തിര വൈദ്യസഹായം തേടുക. പനി, കഠിനമായ ദേഹവേദന, തലവേദന, കണ്ണിനു പുറകില്‍ വേദന, സന്ധിവേദന തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ശരീരത്തില്‍ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാവുക, കറുത്ത മലം ശ്വാസംമുട്ട്, ശരീരം ചുവന്നു തടിക്കുക, കഠിനമായ ക്ഷീണം ശ്വാസതടസ്സം രക്തസമ്മര്‍ദ്ദം താഴുക എന്നിവ അപായ സൂചനകളാണ്. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ശരീരത്തില്‍ ഏതെങ്കിലും ഭാഗത്തുനിന്ന് രക്തസ്രാവം ഉണ്ടാവുക, കറുത്ത മലം, ശ്വാസംമുട്ടല്‍, ശരീരം ചുവന്നു തടിക്കുക, കഠിനമായ ക്ഷീണം, ശ്വാസതടസ്സം, രക്തസമ്മര്‍ദ്ദം താഴുക എന്നിവ അപായ സൂചനകളാണ്.
കുഞ്ഞുങ്ങളിലെ രോഗലക്ഷണം തിരിച്ചറിയുക
കുഞ്ഞുങ്ങളില്‍ ഉയര്‍ന്ന ശരീര താപനില കുറയാതിരിക്കുക, ആഹാരം കഴിക്കുന്നതിനും വെള്ളം കുടിക്കുന്നതിനുള്ള അസ്വസ്ഥത. നാവ്, വായ, ചുണ്ട് എന്നിവ വരണ്ടു കാണുക, മയക്കം, ക്ഷീണത്തോടെ ഉറക്കം തൂങ്ങി ഇരിക്കുക, മൂത്രത്തിന്റെ അളവ് കുറയുക, കഠിനമായ കാലുവേദന, ഛര്‍ദ്ദില്‍ വയറുവേദന, മോണ പോലെയുള്ള ശരീര ഭാഗങ്ങളില്‍ നിന്ന് രക്തസ്രാവം ഉണ്ടാവുക, അപസ്മാരം തുടങ്ങിയ ലക്ഷണങ്ങള്‍ കുഞ്ഞുങ്ങളിലെ അപായസൂചനകളാണ്. ജലാംശം ശരീരത്തില്‍ കുറയുന്നതിന്റെ സൂചനകള്‍ ഉണ്ടെങ്കില്‍ തിരിച്ചറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കുഞ്ഞുങ്ങള്‍ക്ക് രോഗബാധ ഉണ്ടായാല്‍ ശരീരോഷ്മാവ് കുറയ്ക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ കൃത്യമായി നല്‍കുക. തിളപ്പിച്ചാറിയ വെള്ളവും മറ്റ് പാനീയങ്ങളും പോഷകാഹാരവും നല്‍കുക.
വിശ്രമം പ്രധാനം
രോഗബാധിതര്‍ക്ക് ചികിത്സയോടൊപ്പം പരിപൂര്‍ണ്ണ വിശ്രമം അത്യാവശ്യമാണ്. പനി മാറി മൂന്നുനാലു ദിവസം കൂടി ശ്രദ്ധ ആവശ്യമാണ്. ഉപ്പിട്ട കട്ടിയുള്ള കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, പഴച്ചാറുകള്‍, മറ്റു പാനീയങ്ങള്‍, തിളപ്പിച്ചാറിയ വെള്ളം എന്നിവ ധാരാളം കുടിക്കുക.
മറ്റു രോഗങ്ങളുള്ളവര്‍ ശ്രദ്ധിക്കുക
സ്വയം ചികിത്സ പാടില്ല. ചില വേദനസംഹാരികള്‍ ഡെങ്കിപ്പനിയുള്ളപ്പോള്‍ ഉപയോഗിക്കുന്നത് അഭികാമ്യമല്ല. ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ വേദനസംഹാരികള്‍ പോലെയുള്ള മരുന്നുകള്‍ വാങ്ങി കഴിക്കരുത്. യഥാസമയം ചികിത്സ തേടുന്നത് രോഗനിര്‍ണ്ണയത്തിനും ചികിത്സക്കും പ്രധാനമാണ്. രോഗമുള്ളവര്‍ പകല്‍ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളില്‍ ആയിരിക്കണം.
ഉറവിട നശീകരണം പ്രധാനം
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനിക്ക് കാരണമെന്നതിനാല്‍ ഉറവിട നശീകരണവും പകല്‍ സമയത്ത് കൊതുക് കടിയില്‍ നിന്നു സംരക്ഷണം തേടുന്നതും രോഗപ്രതിരോധത്തിന് പ്രധാനമാണ്. മനുഷ്യരുടെ വാസസ്ഥലത്തോട് ചേര്‍ന്നാണ് ഈ കൊതുകുകള്‍ മുട്ടയിട്ട് പെരുകുമെന്നതിനാല്‍ വീടിനുള്ളിലും പരിസരത്തും കൊതുകു മുട്ടയിട്ടു പെരുകാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണം. വീടിന് പരിസരത്തുള്ള പാഴ് വസ്തുക്കളില്‍ മാത്രമല്ല ജലസസ്യങ്ങള്‍ വളര്‍ത്തുന്ന തൊടികളിലും മറ്റും കൊതുക് വളരാനുള്ള സാഹചര്യം ഉണ്ടാകാം. കെട്ടിടം പണി പോലെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വെള്ളം ശേഖരിക്കുന്ന വീപ്പുകളിലും മറ്റുംകൊതുക് മുട്ടയിട്ട് പെരുകാന്‍ ഇടയുണ്ട്. റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ പാല് ശേഖരിച്ച ശേഷം കമഴ്ത്തിവെക്കാന്‍ ശ്രദ്ധിക്കാത്തതും ഉപയോഗശൂന്യമായ ചിരട്ടകള്‍ തോട്ടത്തില്‍ വലിച്ചെറിയുന്നതും കൊതുകിന്റെ ഉറവിടങ്ങള്‍ ആകാറുണ്ട്. പ്രതിവാര ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതു ഇടങ്ങളിലും ആക്രിക്കടകള്‍ അടക്കമുള്ള കടകളുടെ പരിസരത്തു വെള്ളം കെട്ടി നില്ക്കുന്ന സാഹചര്യങ്ങള്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു കണ്ടെത്തി ഒഴിവാക്കേണ്ടതാണ്.
കൊതുകു പെരുകുന്ന സാഹചര്യം ഉണ്ടെങ്കില്‍ നിയമനടപടി നേരിടേണ്ടി വരും. പൊതുജനാരോഗ്യ നിയമം 2023 പ്രകാരം വീടുകളുടെയും സ്ഥാപനങ്ങളുടെയും തോട്ടങ്ങളുടെയും പരിസരത്ത് കൊതുകു പെരുകാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായാല്‍ 10,000 രൂപ വരെ പിഴയടയ്ക്കേണ്ടിവരുമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Your experience on this site will be improved by allowing cookies.