Latest News
Latest News
പുനലൂർ: കനത്ത മഴ മുന്നിൽ കണ്ട് സുരക്ഷയുടെ ഭാഗമായി ജലക്രമീകരണത്തിന് തെന്മല പരപ്പാർ ഡാം ഷട്ടറുകൾ തുറന്നു. വെള്ളിയാഴ്ച പകൽ 11ന് മൂന്ന് ഷട്ടറുകളും അഞ്ച് സെന്റിമീറ്റർ വീതം ഉയർത്തിയാണ് അധികജലം കല്ലടയാറ്റിലേക്ക് ഒഴുക്കുന്നത്. കൂടാതെ കെ.എസ്.ഇ.ബിയുടെ 15 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്റർ വൈദ്യുതി ഉൽപാദനത്തിനും വെള്ളം നൽകുന്നു.
115.82 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിൽ വെള്ളിയാഴ്ച രാവിലെ 107.05 മീറ്റർ വെള്ളമുണ്ട്. ജലക്രമീകരണത്തിന്റെ ഭാഗമായി ജലനിരപ്പ് 106.68 മീറ്ററായി നിലനിർത്തേണ്ടതുണ്ട്. നീരൊഴുക്ക് കൂടുന്നതിനനുസരിച്ച് ഷട്ടറുകൾ 50 സെ.മീറ്റർ വരെ ഉയർത്തുമെന്ന് കെ.ഐ.പി അധികൃതർ പറഞ്ഞു. ഷട്ടർ തുറക്കുന്നതിന് കെ.ഐ.പി അസി.എക്സിക്യൂട്ടിവ് എൻജിനീയർ മണിലാലിന്റെ നേതൃത്വത്തിലുള്ള സംഘം മേൽനോട്ടം വഹിച്ചു.
രണ്ട് ദിവസമായി ഡാമിന്റെ വൃഷ്ടി പ്രദേശം ഉൾപ്പെട്ട കിഴക്കൻ മലയോര മേഖലയിൽ മഴ ദുർബലമാണ്. ഡാം തുറന്നതോടെ കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നു. തീരത്തുള്ളവർക്ക് അധികൃതർ സുരക്ഷാ മുന്നറിയിപ്പ് നൽകി.
Your experience on this site will be improved by allowing cookies.