Latest News
Latest News
ഇരുപത് ലക്ഷത്തിനടുത്ത് വിലയുള്ള കാറുകളില്‍ ഹ്യുണ്ടേയ്, കിയ, ഹോണ്ട തുടങ്ങിയ കാര്‍ നിര്‍മാതാക്കള്‍ ഇന്ത്യയില്‍ അഡാസ് സുരക്ഷാ ഫീച്ചറുകള്‍ നല്‍കുന്നുണ്ട്. പല മോഡലുകളും മുഖം മിനുക്കിയെത്തുമ്പോള്‍ അതില്‍ അഡാസും ഉണ്ടാവുമെന്ന് സ്കോഡയും ഫോക്സ്വാഗണും അറിയിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കും റോഡുകള്‍ക്കും അനുയോജ്യമായ അഡാസുമായി ഞങ്ങളുമുണ്ടെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുക്കി.
മാരുതിയുടെ ആദ്യ സമ്പൂര്‍ണ വൈദ്യുത വാഹനമായ ഇവിഎക്സില്‍ തന്നെ അഡാസ്(അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) അവതരിപ്പിക്കാനുള്ള സാധ്യത ഏറെയാണ്. അടുത്ത വര്‍ഷത്തില്‍ പുറത്തിറങ്ങുമെന്ന് കരുതപ്പെടുന്ന മോഡലാണ് ഇവിഎക്സ്. ഇതിനൊപ്പം മാരുതി സുസുക്കിയുടെ ഗ്രാന്‍ഡ് വിറ്റാര പോലുള്ള ഉയര്‍ന്ന മോഡലുകളിലും അഡാസ് എത്തിയേക്കും. ഇന്ത്യയിലെ സവിശേഷമായ ഗതാഗത-റോഡ് സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കും ജനകീയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി അഡാസും ഒരുക്കുക.
'ജാപ്പനീസ് സാങ്കേതികവിദ്യ ഇന്ത്യയിലെ സവിശേഷ സാഹചര്യങ്ങളില്‍ ഉപയോഗിക്കുക എളുപ്പമല്ല. ഇന്ത്യയിലെ സുസുക്കിയുടെ നാലു പതിറ്റാണ്ടു നീളുന്ന അനുഭവങ്ങള്‍ വെച്ച് ഞങ്ങള്‍ പ്രത്യേകം അഡാസ് ഫീച്ചറുകള്‍ നിര്‍മിക്കും' എന്നാണ് കമ്പനിയുടെ പ്രതികരണം. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കൂടുതല്‍ മികച്ച അഡാസ് അവതരിപ്പിക്കുകയെന്ന ആശയം തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കാനിടയുണ്ട്.
വിദേശ രാജ്യങ്ങളിലെ റോഡുകളില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന അഡാസ് ഫീച്ചറുകളില്‍ പലതും ഇന്ത്യയിലെത്തുമ്പോള്‍ ഉപയോഗ്യശൂന്യമാണ്. പ്രത്യേകിച്ച് ദേശീയ പാതക്ക് പുറത്തുള്ള റോഡുകളില്‍ വാഹനം ഓടിക്കുമ്പോള്‍. ഇരുചക്രവാഹനങ്ങളും സൈക്കിളുകളും മൃഗങ്ങളും കാല്‍നടയാത്രികരും മുച്ചക്രവാഹനങ്ങളും കാറുകളും ട്രാക്ടറുകളും വലിയ വാഹനങ്ങളുമെല്ലാം ഇന്ത്യന്‍ റോഡുകളിലെ സ്ഥിരം കാഴ്ച്ചയാണ്. ഇതില്‍ എത്രപേര്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് കണ്ടറിയേണ്ടി വരും. വലിയൊരു വിഭാഗവും സ്വന്തം നിയമങ്ങളിലാണ് മുന്നോട്ടു പോവാറ്.
റഡാറുകളേയും ക്യാമറകളേയും ആശ്രയിച്ചാണ് പൊതുവില്‍ അഡാസ് പ്രവര്‍ത്തിക്കാറ്. പൊടി അടിച്ച് ക്യാമറകളുടെ കാഴ്ച്ച മങ്ങാനുള്ള സാധ്യതകളും കൂടുതലാണ്. ലൈന്‍ കീപ്പ് അസിസ്റ്റ് പോലുള്ള ഫീച്ചറുകള്‍ വരയേ ഇല്ലാത്ത ഇന്ത്യന്‍ റോഡുകളില്‍ യാതൊരു ഉപയോഗവുമില്ലാത്തവയാണ്. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള അഡാസ് ഫീച്ചറുകള്‍ പുറത്തിറക്കുകയാണെങ്കില്‍ അത് മറ്റ് അഡാസ് സൗകര്യമുള്ള വാഹനങ്ങളേക്കാള്‍ മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കാന്‍ കാരണമായേക്കും.
Your experience on this site will be improved by allowing cookies.