Latest News
Latest News
ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആഗോള വ്യാപകമായി തകരാറിലായതിനെ തുടര്‍ന്ന് ലോകത്ത് പലയിടത്തും ഐടി സംവിധാനങ്ങൾ പ്രവർത്തനരഹിതമായി. ഇതോടെ വിമാനസര്‍വീസുകള്‍, ബാങ്കുകള്‍, മാധ്യമസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം താറുമാറായി. മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ലാറ്റ്ഫോമായ ക്രൗഡ്സ്ട്രൈക്കാണ് ഇന്ന് രാവിലെയോടെ ലോകമാകെ നിശ്ചലമായത്. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെട്ടു. ഇന്ത്യ, ഓസ്ട്രേലിയ, ജർമനി, യുഎസ്, യുകെ ഉൾപ്പടെ നിരവധി രാജ്യങ്ങളെ ഈ സൈബർ തകരാർ ബാധിച്ചു.
ഇന്ത്യയിലും വിന്‍ഡോസ് ഉപയോക്താക്കള്‍ സങ്കീര്‍ണമായ പ്രശ്നം നേരിടുകയാണ്. വിമാനത്താവളങ്ങളില്‍ ഉടനീളം പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. ഇന്‍ഡിഗോ, ആകാശ് എയര്‍ലൈന്‍സ്, സ്പൈസ് ജെറ്റ് എന്നിവയുള്‍പ്പെടെ നിരവധി എയര്‍ലൈനുകളുടെ ബുക്കിംഗും ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസ് സേവനങ്ങളും തടസപ്പെട്ടു.
യുഎസിലെ പല ഭാഗങ്ങളിലും അടിയന്തര സേവനങ്ങൾ തടസപ്പെട്ടു. അമേരിക്കൻ എയർലൈൻസ്, ഡെൽറ്റ, യുണൈറ്റഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന യുഎസ് എയർലൈനുകളുടെ പ്രവർത്തനം താറുമാറായി. ന്യൂസിലൻഡ് പാർലമെന്റിനെയും തകരാർ ബാധിച്ചതായി റിപ്പോർട്ടുകളുണ്ട്. ജർമനിയിലെ ബെര്‍ലിന്‍ വിമാനത്താവളത്തില്‍ എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഓസ്ട്രേലിയയിൽ ബാങ്കുകൾ, ടെലികോം, മാധ്യമ സ്ഥാപനങ്ങൾ, എയർലൈനുകൾ എന്നിവയെ തകരാർ ബാധിച്ചു. സേവനങ്ങൾ തടസപ്പെട്ടതോടെ തകരാർ പരിഹരിക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചിട്ടുണ്ട്.
Your experience on this site will be improved by allowing cookies.