Latest News
Latest News
വാഷിങ്ടൺ: ഭൂമിയിലേക്ക് സുരക്ഷിതമായി തിരിച്ചെത്താനാവുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ വംശജയും യു.എസ് ബഹിരാകാശ ശാസ്ത്രജ്ഞയുമായ സുനിത വില്യംസ്. ബുച്ച് വിൽമോറും ബഹിരാകാശനിലയത്തിൽ നിന്നും സുരക്ഷിതമായി തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷ അറിയിച്ചു. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിലാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ, പേടകത്തിന്റെ സാങ്കേതിക തകരാർ മൂലം ഇരുവരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ കുടുങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ വെച്ച് ഇരുവരും വാർത്തസമ്മേളനം നടത്തിയിരുന്നു. ഇതിലാണ് രണ്ടുപേരുടേയും പ്രതികരണങ്ങൾ പുറത്ത് വന്നത്. ശുഭപ്രതീക്ഷ തന്നെയാണ് ഇപ്പോഴും തന്റെ മനസിലുള്ളത്. സ്പേസ്ക്രാഫ്റ്റ് ഒരു പ്രശ്നവുമില്ലാതെ ഞങ്ങളെ ഭൂമിയിലെത്തിക്കുമെന്ന് സുനിത വില്യംസ് പറഞ്ഞു.
പരാജയമെന്നത് തങ്ങളുടെ ഒരു ഓപ്ഷനെയല്ലെന്ന് ബുച്ച് വിൽമോറും പറഞ്ഞു. പേടകത്തെ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് തങ്ങൾ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂൺ അഞ്ചിന് ഫ്ലോറിഡയിൽ നിന്നും വിക്ഷേപിച്ച സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസിനൊപ്പം ബുച്ച് വിൽമോറുമുണ്ടായിരുന്നു.
ഹ്രസ്വകാല ദൗത്യത്തിനായാണ് ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയതെങ്കിലും സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ദൗത്യത്തിന്റ കാലാവധി ദീർഘിക്കുകയായിരുന്നു. നിലവിൽ ദൗത്യത്തിന്റെ കാലാവധി 90 ദിവസമാക്കി ദീർഘിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
Your experience on this site will be improved by allowing cookies.